ҽ

നൈജീരിയയിൽ നിന്നുള്ള ദൃശ്യം നൈജീരിയയിൽ നിന്നുള്ള ദൃശ്യം   (AFP or licensors)

നൈജീരിയയിൽ രണ്ടു കന്യാസ്ത്രീകളെ തട്ടിക്കൊണ്ടുപോയി

ക്രൈസ്തവർക്ക് നേരെ നൈജീരിയയിൽ ആക്രമണങ്ങൾ വർധിച്ചുവരുന്നു. കഴിഞ്ഞ ഏതാനും വർഷങ്ങൾക്കുള്ളിൽ നിരവധി പുരോഹിതരെയും, സമർപ്പിതരെയും കൊള്ളസംഘങ്ങൾ തട്ടിക്കൊണ്ടുപോകുകയും ചെയ്തു.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

നൈജീരിയയുടെ തെക്ക് കിഴക്കൻ പ്രവിശ്യയായ അനംബ്രയിൽ സേവനം ചെയ്തുവന്നിരുന്ന സിസ്റ്റേഴ്‌സ് ഓഫ് ഇമ്മാക്കുലേറ്റ് ഹാർട്ട് ഓഫ് മേരി സന്ന്യാസസഭയിലെ രണ്ടു കന്യാസ്ത്രീകളെ ജനുവരി മാസം ഏഴാം തീയതി തട്ടിക്കൊണ്ടുപോയതായി വാർത്താ ഏജൻസിയായ ഫീദെസ് റിപ്പോർട്ട് ചെയ്തു.

സിസ്റ്റർ വിൻസെൻഷ്യ മരിയ വാങ്ക്വോ, സിസ്റ്റർ ഗ്രേസ് മാരിയറ്റ് ഒകോളി എന്നിവരെയാണ് ആയുധധാരികളായ അക്രമിസംഘം തട്ടിക്കൊണ്ടുപോയത്. ഇരുവരും ഓഗ്‌ബോജിയിലെ വൊക്കേഷണൽ അസോസിയേഷൻ്റെ സമ്മേളനം കഴിഞ്ഞു തിരികെ വരവേ, ഉഫുമാ തെരുവിൽ  വച്ചാണ് അക്രമിക്കപ്പെടുകയും, തുടർന്ന്  തട്ടിക്കൊണ്ടുപോകപ്പെടുകയും ചെയ്തതെന്ന്, സഭ പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.

ഉഫൂമയിലെ ആർച്ച് ബിഷപ്പ് ചാൾസ് ഹീറി മെമ്മോറിയൽ മോഡൽ സെക്കൻഡറി സ്കൂളിലെ പ്രിൻസിപ്പലാണ് സിസ്റ്റർ വിൻസെൻഷ്യ മരിയ. നെവിയിലെ ഇമ്മാക്കുലേറ്റ്  ഗേൾസ് മോഡൽ സെക്കൻഡറി സ്കൂളിലെ അധ്യാപികയാണ് ഗ്രേസ് മാരിയറ്റ്. സമർപ്പിതരായ ഇരുവരെയും കണ്ടെത്താനും, മോചിപ്പിക്കാനും സംയുക്ത സുരക്ഷാ പ്രവർത്തനം ആരംഭിച്ചതായി പോലീസ് വക്താവ് പറഞ്ഞു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

10 January 2025, 13:34