ҽ

ഭാവിയിലേക്ക് പ്രതീക്ഷയോടെ കണ്ണുനട്ട് - ഗാസായിൽനിന്നുള്ള ഒരു ദൃശ്യം ഭാവിയിലേക്ക് പ്രതീക്ഷയോടെ കണ്ണുനട്ട് - ഗാസായിൽനിന്നുള്ള ഒരു ദൃശ്യം 

ഗാസാ പ്രദേശത്ത് വെടിനിറുത്തൽ പ്രഖ്യാപിക്കപ്പെട്ടു

ഹമാസ്-ഇസ്രായേൽ പ്രശ്നത്തിന് താത്കാലിക പരിഹാരമായി, വെടിനിറുത്തൽ പ്രഖ്യാപിക്കപ്പെട്ടു. സംഘർഷങ്ങൾ ആരംഭിച്ച് പതിനഞ്ച് മാസങ്ങൾക്ക് ശേഷം, തട്ടിക്കൊണ്ടുപോകപ്പെട്ടവർക്ക് മോചനം. ഖത്തർ പ്രധാനമന്ത്രിയാണ് ഇരു കക്ഷികളും തമ്മിലുള്ള വെടിനിറുത്തൽ കരാറിനെക്കുറിച്ച് അറിയിച്ചത്. അമേരിക്കയുടെ തിരഞ്ഞടുക്കപ്പെട്ട പ്രസിഡന്റ് ട്രംപ് ഇതുമായി ബന്ധപ്പെട്ട സൂചനകൾ മുൻകൂട്ടി നൽകിയിരുന്നു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ഗാസാ പ്രദേശത്തെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിന്റെ ആദ്യ പടിയായി 33 ഇസ്രായേലി തടവുകാരെ വിട്ടയക്കാൻ തീരുമാനമായി. ഖത്തർ പ്രധാനമന്ത്രി മുഹമ്മദ് അൽ താനിയാണ് ഇതുസംബന്ധിച്ച വാർത്ത പുറത്തുവിട്ടത്. ഒക്ടോബർ ഏഴിന് തട്ടിക്കൊണ്ടുപോകപ്പെട്ട ഇവർക്ക് ഇതോടെ സ്വന്തം ഭവനങ്ങളിലേക്ക് മടങ്ങാനാകും. ഹമാസ്-ഇസ്രായേൽ പ്രശ്‌നം കൂടുതൽ വഷളാകാൻ കാരണം, ഹമാസ് പ്രവർത്തകർ ഒക്ടോബർ ഏഴിന് തെക്കൻ ഇസ്രായേലിൽ അതിക്രമിച്ചുകടക്കുകയും ആയിരത്തിഇരുനൂറോളം പേരെ വധിക്കുകയും ഇരുന്നൂറ്റിയമ്പതോളം പേരെ തട്ടിക്കൊണ്ടുപോവുകയും ചെയ്‌തതായിരുന്നു.

അമേരിക്കയുടെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഡൊണാൾഡ് ട്രംപായിരുന്നു, ഇരുകക്ഷികളും തമ്മിലുള്ള കരാർ സംബന്ധിച്ച ആദ്യ പ്രഖ്യാപനം നടത്തിയത്. ഇതിഹാസപരമായ ഉടമ്പടിയെന്ന് കരാറിനെ വിശേഷിപ്പിച്ച അദ്ദേഹം, ഇനിമേൽ ഗാസയിൽ തീവ്രവാദികൾ ഉണ്ടാകില്ല എന്ന് പ്രഖ്യാപിക്കുകയും, അബ്രഹാമിക് ഉടമ്പടി വിപുലീകരിക്കാൻ തീരുമാനിക്കുകയും ചെയ്തു. അമേരിക്കയിലെ ബൈഡൻ ഭരണകൂടം കരാർ സ്ഥിരീകരിച്ചു.

വെടിനിറുത്തലും, തടവുകാരുടെ മോചനവും പ്രഖ്യാപിക്കപ്പെട്ടതോടെ, ഇനിമുതൽ ഗാസായിലെ സാധാരണക്കാർക്ക് മാനവികസഹായമെത്തിക്കുന്നത് കൂടുതൽ എളുപ്പമാകുമെന്ന് യൂറോപ്യൻ കമ്മീഷൻ പ്രെസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ പ്രഖ്യാപിച്ചു. സംഘർഷപ്രദേശത്ത് ശാശ്വതമായ സ്ഥിരതയിലേക്കും സംഘർഷങ്ങളുടെ നയതന്ത്രപരമായ പരിഹാരത്തിലേക്കുമുള്ള ഒരു ചവിട്ടുപടിയായി ഈ കരാറിനെ കാണാനും യൂറോപ്യൻ കമ്മീഷൻ പ്രെസിഡന്റ് ആഹ്വാനം ചെയ്‌തു.

വെടിനിറുത്തൽ പ്രഖ്യാപിക്കപ്പെട്ടതോടെ ഗാസയിലുടനീളം പാലസ്തീൻകാർ ആഘോഷങ്ങൾ ആരംഭിച്ചുകഴിഞ്ഞുവെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടു. കഴിഞ്ഞ ഏതാനും മാസങ്ങളായി കടുത്ത ഭീതിയിൽ കഴിഞ്ഞിരുന്ന നിരവധി കുടുംബങ്ങളിലേക്ക് ആശ്വാസമായാണ് വെടിനിറുത്തൽ വാർത്തയെത്തിയത്. 

ഗാസായിലെ ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം, ഗാസയിൽ ഒക്ടോബർ ഏഴ് മുതൽ ഇതുവരെ 46.600 പേരാണ് കൊല്ലപ്പെട്ടത്. ഇവരിൽ പകുതിയിലധികവും സ്ത്രീകളും കുട്ടികളും വയോധികരുമാണ്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

16 January 2025, 11:39