ഹൈറ്റിയിൽ മനുഷ്യജീവിതം ദുസ്സഹമായി തുടരുന്നു
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
ആഗോളതലത്തിൽ ഏറ്റവും ഗുരുതരമായ ദുരന്തങ്ങളിലൊന്നായ ഹൈറ്റിയിലെ ഭൂകമ്പത്തിനു പതിനഞ്ചു വർഷങ്ങൾ തികയുമ്പോഴും, രാജ്യത്തെ ജനങ്ങളുടെ ജീവിതം ഏറെ ദുരിതപൂർണ്ണമായി തുടരുകയാണ്. ക്രിമിനൽ സംഘങ്ങളുടെ ആക്രമണമാണ് ഇന്ന് രാജ്യത്തെ അടിയന്തിരാവസ്ഥയിലേക്ക് എത്തിച്ചിരിക്കുന്നതെന്നു, രാജ്യത്തു സേവനം ചെയ്യുന്ന മിഷനറിയായ മദ്ദലീന ബോഷെട്ടി പറഞ്ഞു. കാരിത്താസ് സംഘടനയുടെ നേതൃത്വത്തിൽ കത്തോലിക്കാ സഭയും ഈ വർഷങ്ങളിലുടനീളം പാവപ്പെട്ടവരുടെ ഉന്നമനത്തിനുവേണ്ടിയുള്ള സേവനങ്ങൾ തുടരുന്നുവെന്നതും എടുത്തുപറയേണ്ടതാണ്.
അക്രമത്തിൻ്റെ ഈ വർദ്ധനവ് കഴിഞ്ഞ വർഷം മാത്രം 700,000-ത്തിലധികം ആളുകളെ മാറ്റിപ്പാർപ്പിക്കേണ്ട സാഹചര്യങ്ങൾ സൃഷ്ടിച്ചുവെന്നതും ഏറെ പരിതാപകരമാണ്. സായുധ സംഘങ്ങളുടെ സാന്നിധ്യം കാരണം അവരുടെ സമീപസ്ഥലങ്ങളിൽ നിന്ന് പലായനം ചെയ്യുകയും കുറഞ്ഞത് 1,000 സ്കൂളുകളെങ്കിലും അടച്ചുപൂട്ടുകയും ചെയ്തു. ഈ കുടിയിറക്കപ്പെട്ടവരിൽ പകുതിയിലധികവും കുട്ടികളും കൗമാരക്കാരുമാണെന്നതും രാജ്യത്തിന്റെ ഭാവിക്ക് ഭീഷണിയുയർത്തുന്നു. ആക്രമണത്തിനും, ചൂഷണത്തിനും, ലൈംഗികാതിക്രമത്തിനും പ്രായപൂർത്തിയാകാത്തവരെ ഇരകളാക്കുന്നതും, ഏറെ വേദനിപ്പിക്കുന്നു.
അക്രമം വിലക്കയറ്റത്തിന് കാരണമാകുകയും, രാജ്യത്തെ ഭക്ഷ്യപ്രതിസന്ധി അങ്ങേയറ്റം വഷളാക്കുകയും ചെയ്തു. യുണിസെഫിൻ്റെ കണക്കനുസരിച്ച്, സായുധ സംഘങ്ങൾ കുട്ടികളെ റിക്രൂട്ട് ചെയ്യുന്നത് 70% വർദ്ധിച്ചുവെന്നതും അക്രമത്തിന്റെ വ്യാപ്തി നമ്മെ ബോധ്യപ്പെടുത്തുന്നു. ഈ ദുരിതപൂർണ്ണമായ അവസ്ഥയിലും, പ്രത്യാശയുടെ അടയാളങ്ങൾ തേടുന്നത് ഉപേക്ഷിക്കാതെ, സമാധാനത്തിനായി പ്രാർത്ഥിക്കുന്ന ജനത, ഹൈറ്റിയുടെ ഭാവിയെ അനുഗ്രഹപൂർണ്ണമാക്കുമെന്നും മദ്ദലീന ബോഷെട്ടി പങ്കുവച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: