ҽ

ഫ്രാൻസിസ് പാപ്പാ യൂണിസെഫ് ഡയറക്ടർ ജനറലിന് കൂടിക്കാഴ്ച അനുവദിച്ചപ്പോൾ - ഫയൽ ചിത്രം ഫ്രാൻസിസ് പാപ്പാ യൂണിസെഫ് ഡയറക്ടർ ജനറലിന് കൂടിക്കാഴ്ച അനുവദിച്ചപ്പോൾ - ഫയൽ ചിത്രം 

ഗാസയിൽ തടവിലായിരിക്കുന്ന കുട്ടികളെ വിട്ടയക്കണം: യൂണിസെഫ് ഡയറക്ടർ ജനറൽ

ദീർഘനാളുകളായി ഗാസയിൽ തടവിലായിരിക്കുന്ന രണ്ടു കുട്ടികളെയും ഉടൻ വിട്ടയക്കണമെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി ഡയറക്ടർ ജനറൽ കാതറിൻ റസ്സൽ. ഈ കുട്ടികളിൽ കഫീർ എന്ന കുട്ടിക്ക് ഈയാഴ്ച മാത്രമാണ് രണ്ടു വയസ്സ് തികയുന്നത്. അരിയേൽ ബിബാസ് എന്ന മറ്റൊരു കുട്ടിയും തടവിലുണ്ട്.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ഗാസയിലുൾപ്പെടെ തടവിലായിരിക്കുന്ന കുട്ടികൾ ഉൾപ്പെടെ ഏവരെയും വിട്ടയക്കണമെന്നും, കുട്ടികളെ തടവിലാക്കുന്നത് ഗുരുതരമായ നിയമലംഘനമാണെന്നും യൂണിസെഫ് ഡയറക്ടർ ജനറൽ കാതറിൻ റസ്സൽ പ്രസ്താവിച്ചു. ജനുവരി പതിനാല് ചൊവ്വാഴ്ച, സാമൂഹ്യമാധ്യമമായ എക്‌സിൽ കുറിച്ച സന്ദേശത്തിലൂടെയാണ്, അന്യായമായി തടവിലാക്കപ്പെട്ടവരുടെ സ്വാതന്ത്ര്യത്തിനായി ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധിയുടെ അദ്ധ്യക്ഷ പ്രസ്താവന നടത്തിയത്.

ഗാസയിൽ തടവിൽ കഴിയുന്ന കഫീർ എന്ന കുട്ടിക്ക് ഈയാഴ്ച മാത്രമേ രണ്ട് വയസ്സ് തികയുകയുള്ളൂ എന്ന് ഓർമ്മിപ്പിച്ച യൂണിസെഫ് അദ്ധ്യക്ഷ, കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതിന്റെ ഗൗരവതരമായ സ്വഭാവം എടുത്തുകാണിച്ചു. കുട്ടികൾക്കെതിരെയുള്ള എല്ലാത്തരം അതിക്രമങ്ങളും, അത് എവിടെയായിരുന്നാലും ഭയാനകമാണെന്നും കാതറിൻ റസ്സൽ പ്രസ്താവിച്ചു.

പലസ്തീനെ-ഇസ്രായേൽ യുദ്ധത്തിന്റെ ഭാഗമായി തടവിലാക്കപ്പെട്ടവരെ, പ്രത്യേകിച്ച് ഇനിയും തടവിൽ തുടരുന്ന കഫീർ, അരിയേൽ ബിബാസ് എന്നീ കുട്ടികളെ, ഉടൻ വിട്ടയയ്ക്കണമെന്ന് യൂണിസെഫ് അദ്ധ്യക്ഷ ആവശ്യപ്പെട്ടു.

പുതുവർഷത്തിന്റെ ആദ്യ ആഴ്ചയിൽ മാത്രം എഴുപതിലധികം കുട്ടികൾ ഗാസാ പ്രദേശത്ത് കൊല്ലപ്പെട്ടതായി ജനുവരി എട്ടിന് പുറത്തുവിട്ട ഒരു പത്രക്കുറിപ്പിലൂടെ കാതറിൻ റസ്സൽ അറിയിച്ചിരുന്നു. സംഘർഷങ്ങളിലായിരിക്കുന്നവരും, അന്താരാഷ്ട്രസമൂഹവും, ഈ പ്രദേശത്തെ അതിക്രമങ്ങൾ അവസാനിപ്പിക്കുന്നതിനായി പ്രവർത്തിക്കണമെന്നും, രണ്ടു കുട്ടികൾ ഉൾപ്പെടെ, തടവിലാക്കപ്പെട്ട ഏവരെയും വിട്ടയക്കുന്നതിനും, പ്രശ്നങ്ങൾ അവസാനിപ്പിക്കുന്നതിനും വേണ്ടി തയ്യാറാകണമെന്നും അതെ ദിവസം യൂണിസെഫ് അദ്ധ്യക്ഷ ആവശ്യപ്പെട്ടിരുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

15 January 2025, 15:23