ദൈവവദനം സഹോദരങ്ങളിൽ തിരിച്ചറിയാൻ നമുക്ക് സാധിക്കുന്നുണ്ടോ?
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
തണുപ്പിൻറെ കാഠിന്യം ഏറിവരുന്ന നാളുകളാണ് റോമിൽ ഇപ്പോൾ, ഈ പുതുവർഷത്തിൻറെ ആദ്യ ദിനങ്ങളിൽ. എങ്കിലും വത്തിക്കാനിൽ ഫ്രാൻസീസ് പാപ്പാ ഞായറാഴ്ച (12/01/25) മദ്ധ്യാഹ്നത്തിൽ നയിച്ച ത്രികാല പ്രാർത്ഥനയിൽ പങ്കുകൊള്ളുന്നതിന് നിരവധി വിശ്വാസികൾ വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ അങ്കണത്തിൽ സന്നിഹിതരായിരുന്നു. ഈ ഞായറാഴ്ച യേശുവിൻറെ ജ്ഞാനസ്നാനത്തിരുന്നാൾ ആയിരുന്നതിനാൽ പാപ്പാ പതിവുപോലെ ഇക്കൊല്ലവും വത്തിക്കാൻ ജീവനക്കാരുടെ കുഞ്ഞുങ്ങൾക്ക് ജ്ഞാനസ്നാനം നല്കിയതിനു ശേഷമാണ് മദ്ധ്യാഹ്ന പ്രാർത്ഥനനയിക്കുന്നതിന് എത്തിയത്. 21 നവജാതശിശുക്കളെയാണ് പാപ്പാ വത്തിക്കാനിൽ, സിസ്റ്റയിൻ കപ്പേളയിൽ വച്ച് സ്നാനപ്പെടുത്തിതയത്. പാപ്പാ ത്രികാലജപം നയിക്കുന്നതിന് പേപ്പൽ ഭവനത്തിലെ പതിവുജാലകത്തിങ്കൽ പ്രത്യക്ഷപ്പെട്ടപ്പോൾ ജനസഞ്ചയത്തിൻറെ കരഘോഷവും ആനന്ദാരവങ്ങളും ഉയർന്നു.റോമിലെ സമയം ഉച്ചയ്ക്ക് 12 മണിക്ക്, ഇന്ത്യയിലെ സമയം, ഇന്ത്യയും ഇറ്റലിയും തമ്മിൽ ഇപ്പോഴുള്ള സമയവിത്യാസമനുസരിച്ച്, വൈകുന്നേരം 4,30-ന്, “കർത്താവിൻറെ മാലാഖ” എന്നാരംഭിക്കുന്ന മദ്ധ്യാഹ്ന പ്രാർത്ഥന നയിക്കുന്നതിനു മുമ്പ് പാപ്പാ നടത്തിയ വിചിന്തനത്തിന് ആധാരം, ലത്തീൻറീത്തിൻറെ ആരാധനാക്രമനുസരിച്ച്, ഈ ഞായാറാഴ്ച (12/01/25) ദിവ്യബലി മദ്ധ്യേ വായിക്കപ്പെട്ട ദൈവവചന ഭാഗങ്ങളിൽ, ലൂക്കായുടെ സുവിശേഷം മൂന്നാം അദ്ധ്യായം, 15-ും16-ും 21-ും 22-ും (ലൂക്കാ 3,15-16, 21-22) വാക്യങ്ങൾ, അതായത്, യേശു സ്നാപകയോഹന്നാനിൽ നിന്ന സ്നാനം സ്വീകരിക്കുന്നതും പരിശുദ്ധാരൂപി പ്രാവിൻറെ രൂപത്തിൽ യേശുവിൻറെ മേൽ ഇറങ്ങിവരുന്നതും ഇവൻ എൻറെ പ്രിയപുത്രൻ, ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു എന്ന സ്വരം സ്വർഗ്ഗത്തിൽ നിന്നുണ്ടാകുന്നതുമായ സംഭവവിവരണം ആയിരുന്നു.
പാപ്പായുടെ ത്രികാലജപ സന്ദേശം:
കർത്താവിൻറെ സ്നാനത്തിരുന്നാൾ
പ്രിയ സഹോദരീ സഹോദരന്മാരേ, ശുഭ ഞായർ!
ഇന്ന് നാം ആഘോഷിക്കുന്ന യേശുവിൻറെ ജ്ഞാനസ്നാനത്തിരുനാൾ, നമ്മുടെ മാമ്മോദീസാ ഉൾപ്പെടെ നിരവധി കാര്യങ്ങളെക്കുറിച്ചുള്ള ചിന്തകൾ നമ്മിലുണർത്തുന്നു. പാപമോചനത്തിനായുള്ള സ്നാനം സ്വീകരിക്കാൻ പോകുന്ന തൻറെ ജനത്തോടൊപ്പം യേശുവും ചേരുന്നു. ഇന്നത്തെ ആരാധനാക്രമത്തിലെ ഒരു സ്തോത്രഗീതത്തിലെ വാക്കുകൾ ഓർമ്മിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു: യേശു "നഗ്ന ആത്മാവോടും നഗ്ന പാദങ്ങളോടെയുമാണ്" പോകുന്നത്.
ദൈവാവിഷ്കാരം - മുഖവും സ്വരവും
യേശു സ്നാനം സ്വീകരിക്കുമ്പോൾ, ആത്മാവ് സ്വയം വെളിപ്പെടുത്തുകയും തൻറെ വദനം പുത്രനിൽ വെളിപ്പെടുത്തുന്ന ദൈവത്തിൻറെ ആവിഷ്കാരം സംഭവിക്കുകയും അവൻ തൻറെ സ്വരം കേൾപ്പിക്കുകയും ചെയ്യുന്നു: "നീ എൻറെ പ്രിയപുത്രനാകുന്നു: നിന്നിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു" (ലൂക്കാ,3,വാക്യം 22). വദനവും സ്വനവും.
സർവ്വോപരി വദനം. തന്നെത്തന്നെ പിതാവായി പുത്രനിലൂടെ വെളിപ്പെടുത്തുന്നതിലൂടെ, ദൈവം, നരകുലവുമായി സംഭാഷണത്തിലേക്കും കൂട്ടായ്മയിലേക്കും പ്രവേശിക്കുന്നതിനുള്ള ഒരു സവിശേഷ സ്ഥലം ഉറപ്പിക്കുന്നു. അത് പ്രിയപുത്രൻറെ മുഖമാണ്. രണ്ടാമതായി, സ്വരമാണ്: "നീ എൻറെ പ്രിയപുത്രൻ" (വാക്യം 22). യേശുവിൻറെ ആവിഷ്കാരത്തെ അകമ്പടിസേവിക്കുന്ന മറ്റൊരു അടയാളമാണിത്.
ദൈവത്തിൻറെ വദനത്തെയും സ്വരത്തെയും ധ്യാനിക്കുക
പ്രിയ സഹോദരീ സഹോദരന്മാരേ, യേശുവിൻറെ മനുഷ്യപ്രകൃതിയിൽ പ്രകടമാകുന്ന ദൈവത്തിൻറെ വദനത്തെയും ശബ്ദത്തെയും കുറിച്ച് ധ്യാനിക്കാൻ ഇന്നത്തെ തിരുനാൾ നമ്മെ പ്രേരിപ്പിക്കുന്നു. അതിനാൽ നമുക്ക് സ്വയം ചോദിക്കാം: നാം സ്നേഹിക്കപ്പെട്ടവരായി നമുക്കു തോന്നുന്നുണ്ടോ? ദൈവത്താൽ സ്നേഹിക്കപ്പെടുകയും തുണയ്ക്കപ്പെടുകയും ചെയ്യുന്നുവെന്ന പ്രതീതി എനിക്കുണ്ടോ അതോ ദൈവം എന്നിൽ നിന്ന് അകലെയാണെന്ന് ഞാൻ കരുതുന്നുണ്ടോ? യേശുവിലും നമ്മുടെ സഹോദരന്മാരിലും അവൻറെ മുഖം തിരിച്ചറിയാൻ നമുക്ക് കഴിയുന്നുണ്ടോ? അവൻറെ സ്വരം കേൾക്കുക നമുക്ക് പരിചിതമാണോ?
ഞാൻ നിങ്ങളോട് ഒരു ചോദ്യം ചോദിക്കട്ടെ: നമ്മൾ ഓരോരുത്തരും നമ്മുടെ മാമ്മോദീസാത്തീയതി ഓർക്കുന്നുണ്ടോ? ഇത് വളരെ പ്രധാനമാണ്! ചിന്തിക്കുക: ഞാൻ ഏത് ദിവസമാണ് സ്നാനമേറ്റത്? ഓർമ്മയില്ലെങ്കിൽ, വീട്ടിലെത്തുമ്പോൾ, മാതാപിതാക്കളോടും തലതൊട്ടവരോടും സ്നാനത്തീയതി നമുക്ക് ചോദിക്കാം. ആ തീയതി നമുക്ക് ഒരു പുതിയ ജന്മദിനമായി ആഘോഷിക്കാം: ദൈവത്തിൻറെ ആത്മാവിലുള്ള ജനന ദിനം. ഇതു നിങ്ങൾ മറക്കരുത്! ഇതൊരു ഗൃഹപാഠമാണ്: എൻറെ സ്നാന തീയതി. നമുക്ക് കന്യകാമറിയത്തിൻറെ സഹായം തേടിക്കൊണ്ട് നമ്മെത്തന്നെ അവൾക്ക് ഭരമേൽപ്പിക്കാം. നിങ്ങളുടെ സ്നാന തീയതി നിങ്ങൾ മറക്കരുത്! പാപ്പാ
ഈ വാക്കുകളെ തുടർന്ന് പാപ്പാ കർത്താവിൻറെ മാലാഖയെന്നാരംഭിക്കുന്ന ത്രികാലജപം നയിക്കുകയും ആശീർവ്വാദം നല്കുകയും ചെയ്തു.
ആശീർവ്വാദാനന്തര അഭിവാദ്യങ്ങൾ - ലോസ് ആഞ്ചെലെസിലെ കാട്ടുതീ ദുരന്തം
അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തിൻറെ തെക്കുഭാഗത്ത് ലോസ് ആഞ്ചെലെസിൽ പടർന്നു പിടിച്ചിരിക്കുന്ന പാലിസെയ്ഡ്സ് കാട്ടുതീ ദുരന്തത്തിൻറെ ദുരിതം പേറുന്നവരെ പാപ്പാ ആശീർവ്വാദാനന്തരം അനുസ്മരിക്കുകയും അവർക്കായി പ്രാർത്ഥിക്കുകയും തൻറെ സാമീപ്യം ഉറപ്പേകുകയും ചെയ്തു.
നവജാത ശിശുക്കളുടെ മാമ്മോദീസ
യേശുവിൻറെ സ്നാനത്തിരുന്നാളായിരുന്ന ഈ ഞായറാഴ്ച രാവിലെ താൻ വത്തിക്കാനിൽ, സിസ്റ്റയിൻ കപ്പേളയിൽ വച്ച് വത്തിക്കാൻ ജീവനക്കാരുടെയും സ്വിസ് കാവൽഭടന്മാരുടെയും ഏതാനും നവജാതശിശുക്കൾക്ക് മാമ്മോദീസാ നല്കിയത് പാപ്പാ അനുസ്മരിച്ചു. ഈ കുഞ്ഞുങ്ങൾക്കും അവരുടെ കുടുംബങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കാൻ പാപ്പാ എല്ലാവരെയും ക്ഷണിക്കുകയും ചെയ്തു. കുട്ടികളാകുന്ന ദാനം സ്വാഗതം ചെയ്യുന്നതിലും അവരെ സ്നാനപ്പെടുത്തുന്നതിലുമുള്ള സന്തോഷം അനുഭവിക്കാൻ എല്ലാ യുവദമ്പതികൾക്കും കഴിയുന്നതിനു വേണ്ടി പാപ്പാ കർത്താവിനോട് പ്രാർത്ഥിക്കുകയും ചെയ്തു.
നവവാഴ്ത്തപ്പെട്ട ജൊവാന്നി മെർലീനി
ഏറ്റം വിലയേറിയ രക്തത്തിൻറെ പ്രേഷിതസമൂഹാംഗമായ വൈദികൻ ജൊവാന്നി മെർലീനി റോം രൂപതയുടെ കത്തീദ്രൽ ദേവാലയമായ വിശുദ്ധ ജോൺ ലാറ്ററൻ ബസിലിക്കയിൽ വച്ച് പന്ത്രണ്ടാം തീയതി ഞായറാഴ്ച (12/01/25) രാവിലെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെട്ടത് പാപ്പാ അനുസ്മരിച്ചു. തൻറെ ജനത്തിൻറെ സേവനത്തിനായി ജീവിതം ഉഴിഞ്ഞുവച്ച നവവാഴ്ത്തപ്പെട്ട ജൊവാന്നി നിരവധി ആത്മാക്കളുടെ വിവേകമതിയായ ഉപദേശകനും സമാധാനത്തിൻറെ സന്ദേശവാഹകനുമായിരുന്നുവെന്ന് പാപ്പാ പറഞ്ഞു. ഉക്രൈയിനിലും മദ്ധ്യപൂർവദേശത്തും ലോകമെമ്പാടും സമാധാനത്തിനായി പ്രാർത്ഥിക്കുമ്പോൾ നവവാഴ്ത്തപ്പെട്ട ജൊവാന്നി മെർലീനിയുടെയും മാദ്ധ്യസ്ഥ്യം തേടാൻ എല്ലാവരെയും പാപ്പാ ക്ഷണിച്ചു. സമാധാനത്തിനായി പ്രാർത്ഥിക്കുന്നതിൽ ഉപേക്ഷവരുത്തരുതെന്നു പറഞ്ഞ പാപ്പാ യുദ്ധം എപ്പോഴും ഒരു പരാജയമാണെന്ന് നാം മറക്കരുതെന്ന് ആവർത്തിച്ചു.
സമാപനാഭിവാദ്യം
ത്രികാല പ്രാർത്ഥനായുടെ അവസാനം പാപ്പാ, എല്ലാവർക്കും നല്ലൊരു ഞായർ ആശംസിക്കുകയും തനിക്കു വേണ്ടി പ്രാർത്ഥിക്കാൻ മറക്കരുതെന്ന പതിവ് അഭ്യർത്ഥന നവീകരിക്കുകയും ചെയ്തു. തുടർന്ന് പാപ്പാ സകലർക്കും നല്ല ഒരു ഉച്ചവിരുന്ന് നേരുകയും വീണ്ടും കാണാമെന്നു പറയുകയും ചെയ്തുകൊണ്ട് ജാലകത്തിങ്കൽ നിന്നു പിൻവാങ്ങി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: