മനുഷ്യരിൽ ക്രിസ്തുവിന്റെ അടയാളം കണ്ട് ശുശ്രൂഷയും സംരക്ഷണവുമേകുക: ഫ്രാൻസിസ് പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
അഭയവും ശുശ്രൂഷകളും തേടി തങ്ങൾക്കരികിലെത്തുന്ന മനുഷ്യരിൽ ക്രിസ്തുവിന്റെ അടയാളം കാണാനും, അവർക്ക് സംരക്ഷണവും കരുതലുമേകാനും തയ്യാറാകാൻ കാരിത്താസ് സംഘടനാപ്രവർത്തകരെ ആഹ്വാനം ചെയ്‌ത് ഫ്രാൻസിസ് പാപ്പാ. തെക്കേ അമേരിക്കയിലെയും കരീബിയൻ പ്രദേശത്തെയും കാരിത്താസ് പ്രാദേശികസംഘടനകളുടെ പ്രസിഡന്റുമാർ, ഡയറക്ടർമാർ എന്നിവർക്കായി തയ്യാറാക്കിയ രണ്ടാമത്തെ പരിശീലനക്കളരിയിൽ സംബന്ധിച്ചവർക്ക് ജനുവരി 15 ബുധനാഴ്ച വത്തിക്കാനിൽ കൂടിക്കാഴ്ച അനുവദിച്ച വേളയിലാണ് സംരക്ഷണത്തിന്റെയും പരിചരണത്തിന്റെയും സംസ്കാരത്തെക്കുറിച്ച് പാപ്പാ ഉദ്ബോധിപ്പിച്ചത്.
യുദ്ധവുമായി ബന്ധപ്പെട്ട ഇടങ്ങളിൽ സംരക്ഷണം എന്ന വാക്കിന്, കാവൽ, പ്രതിരോധം, കരുതൽ തുടങ്ങിയ അർത്ഥങ്ങളുണ്ടെന്ന് പറഞ്ഞ പാപ്പാ, യുദ്ധകാലത്ത്, പട്ടാളക്കാർ തങ്ങളുടെ ഗ്രാമങ്ങളുടെയോ ഭവനങ്ങളുടേയോ മുന്നിൽ വയ്ക്കുന്ന അടയാളവുമായി ഇതിന് ബന്ധമുണ്ടെന്ന് ഓർമ്മിപ്പിച്ചു. സ്വന്തം ജനത്തെ പട്ടാളക്കാർ ആക്രമിക്കുന്നത് ഒഴിവാക്കുന്നതിന് വേണ്ടിയാണിതെന്ന് പാപ്പാ വിശദീകരിച്ചു.
എസക്കിയേൽ പ്രവാചകന്റെ പുസ്തകം ഒൻപതാം അദ്ധ്യായത്തിൽ (എസക്കിയേൽ 9, 4), ജെറുസലേമിനെ ശിക്ഷിക്കുന്ന വേളയിൽ, അവിടെ തിന്മകളെ ഓർത്ത് കരയുകയും നെടുവീർപ്പിടുകയും ചെയ്യുന്നവരുടെ നെറ്റിയിൽ പ്രത്യേകമായി അടയാളമിടാനും, നഗരത്തെ ആക്രമിക്കുമ്പോൾ, അടയാളമുള്ളവരെ തൊടാതിരിക്കാനും കർത്താവ് ആവശ്യപ്പെടുന്നതിനെക്കുറിച്ചുള്ള ഭാഗവും, വെളിപാട് പുസ്തകം ഏഴാം അദ്ധ്യായത്തിൽ (വെളിപാട് 7, 3), ദൈവത്തിന്റെ ദാസരുടെ നെറ്റിത്തടത്തിൽ മുദ്രയിടുന്നതിനെക്കുറിച്ചുള്ള ഭാഗവും പരാമർശിച്ചുകൊണ്ട്, ഇന്ന് കർത്താവ് അയക്കുന്ന മാലാഖാമാരായ നിങ്ങൾ, കാരിത്താസ് സംഘടനയ്ക്ക് മുന്നിൽ, തങ്ങൾ അനുഭവിക്കുന്ന നിരവധിയായ അനീതിയുടെയും, തിന്മകളുടെയും മുന്നിൽ കരഞ്ഞുകൊണ്ട് എത്തുന്ന വ്യക്തികളുടെമേൽ സാങ്കല്പികമായി കർത്താവിന്റെ വിശുദ്ധ കുരിശിന്റെ അടയാളമിടണമെന്ന് പാപ്പാ ആഹ്വാനം ചെയ്തു.
സഹായം തേടിയെത്തുന്നവരിലും, കാരിത്താസ് സംഘടനയിലെ ജോലിക്കാരിലും, നാം കണ്ടുമുട്ടുന്ന ഓരോ വ്യക്തികളിലും ഇങ്ങനെ സാങ്കല്പികമായി കർത്താവിന്റെ കുരിശ് വരയ്ക്കുന്നതിലൂടെ, അവരിൽ, ക്രിസ്തുവിലുള്ള നമ്മുടെ സഹോദരങ്ങളുടെ അന്തസ്സാണ് നാം അംഗീകരിക്കുകയെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു. കർത്താവിന്റെ രക്തത്താൽ സംരക്ഷിക്കപ്പെട്ട അവരിൽ, കർത്താവിന്റെ മുറിപ്പാടുകൾ കാണാനും, അവന്റെ മനുഷ്യാവതാരരഹസ്യം തിരിച്ചറിയാനും നമുക്ക് സാധിക്കണമെന്നും പാപ്പാ ഓർമ്മിപ്പിച്ചു.
മറ്റുള്ളവരിൽ സാങ്കല്പികമായി കുരിശടയാളം വരയ്ക്കുന്നത് വഴി, "എന്റെ അഭിഷിക്തരെ തൊട്ടുപോകരുത്" എന്ന സങ്കീർത്തനത്തിലെ (സങ്കീ. 105, 15) കർത്താവിന്റെ വാക്കുകൾ നമ്മുടേതാക്കുകയാണ് നാം ചെയ്യുന്നതെന്ന് പറഞ്ഞ പാപ്പാ, ഈയൊരർത്ഥത്തിൽ സംരക്ഷണമെന്നത് ദൈവികമായ ഒരു വാക്കാണെന്നും, ഇതുവഴി, ക്രിസ്തുവിന്റെ പേരുതന്നെയാണ് നാം മറ്റുള്ളവരുടെ നെറ്റിയിൽ ചാർത്തുന്നതെന്നും, ദുർബലരായിരിക്കുമ്പോഴും, നമ്മുടെ കാരുണ്യത്തിന്റെയും കരുതലിന്റെയും ചെറിയ പ്രവൃത്തികളിലൂടെ ദൈവസ്നേഹത്തിന്റെ വാഹകരായി മാറുന്ന നമ്മിലും, ഒരു കണ്ണാടിയിലെന്നപോലെ, നാം ഇതേ പേര് കണ്ടെത്തുന്നുണ്ടെന്നുംഓർമ്മിപ്പിച്ചു.
ഏവരിലേക്കും കരുതലും സംരക്ഷണവുമെത്തിക്കാൻ പരിശുദ്ധ അമ്മയിൽനിന്ന് പഠിക്കാനായി, ക്രിസ്തു നിങ്ങളുടെ എല്ലാ പ്രവൃത്തികളെയും അനുഗ്രഹിക്കട്ടെയെന്നും, പരിശുദ്ധാത്മാവ് നിങ്ങളെ നയിക്കട്ടെയെന്നും, പരിശുദ്ധ അമ്മ തന്റെ മേലങ്കി നിങ്ങളെ അണിയിക്കട്ടെയെന്നും ആശംസിച്ചുകൊണ്ടാണ് പാപ്പാ തന്റെ പ്രഭാഷണം അവസാനിപ്പിച്ചത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: