സ്‌പെയിനിലെ ജിപ്സി ജനതയ്ക്കു ആശംസകൾ നേർന്നു ഫ്രാൻസിസ് പാപ്പാ
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
1425ൽ ദേശാടകരായി സ്‌പെയിനിൽ എത്തിച്ചേർന്ന സമൂഹത്തിന്റെ അറുനൂറാം വാർഷികവേളയിൽ, ആശംസകളും പ്രാർത്ഥനകളും നേർന്നുകൊണ്ട്, ഫ്രാൻസിസ് പാപ്പാ സന്ദേശമയച്ചു. ഭാവിയെ പ്രത്യാശയോടെ നോക്കിക്കാണുവാൻ പാപ്പാ തന്റെ സന്ദേശത്തിൽ എല്ലാവരെയും ആഹ്വാനം ചെയ്തു. തെറ്റിദ്ധാരണ, തിരസ്കരണം, പാർശ്വവൽക്കരണം എന്നിവയാൽ ജീവിതം കലുഷിതമായപ്പോഴും, ദൈവത്തിന്റെ സാമീപ്യം ധൈര്യപൂർവം കണ്ടെത്തുവാനുള്ള ഈ ജനതയുടെ പരിശ്രമങ്ങളെ പാപ്പാ പ്രത്യേകം അനുസ്മരിച്ചു. നാടോടികൾക്കൊപ്പം, മനുഷ്യരാശിയുടെ ചരിത്രത്തിൽ ഒരു തീർത്ഥാടകനായി മാറിയവനാണ് ദൈവമെന്നും, ഇതാണ് ബെത്ലഹേമിൽ യേശുവിന്റെ ജനനം വെളിപ്പെടുത്തുന്നതെന്നും പാപ്പാ പറഞ്ഞു.
നിങ്ങളുടെ സ്വത്വത്തിന്റെ അടയാളങ്ങളെ മാനിക്കുന്ന ഉൾക്കൊള്ളലിലേക്കുള്ള ഒരു പുതിയ പാത ആരംഭിക്കാൻ ജിപ്സി ജനതയും, സഭയും, സ്പാനിഷ് സമൂഹവും നടത്തുന്ന പരിശ്രമങ്ങൾ ഇനിയും മുൻപോട്ടുകൊണ്ടുപോകണമെന്നും, സമൂഹത്തിന്റെ വേദനകൾ മറികടക്കുവാൻ കൂട്ടായി ശ്രമിക്കണമെന്നും പാപ്പാ അടിവരയിട്ടു. "നിങ്ങൾ സഭയുടെ ഹൃദയമാണ്", വിശുദ്ധ പോൾ ആറാമൻ പാപ്പാ ജിപ്സി ജനതയ്ക്കു നൽകിയ സന്ദേശം എടുത്തുപറഞ്ഞുകൊണ്ട്, അവർ ദൈവത്തിന്റെ പ്രിയ മക്കളാണെന്നും, പരിശുദ്ധ അമ്മയുടെ വാത്സല്യഭാജനങ്ങളുമാണെന്നും പാപ്പാ അഭിസംബോധന ചെയ്തു.
സംസ്കാരത്തിന്റെ മികച്ച മൂല്യങ്ങൾ ഉപേക്ഷിക്കാതെ , ക്രിസ്തീയ വിശ്വാസത്തിൽ വളരാൻ കഴിയുന്ന ഒരു സഭയായി മാറണമെന്ന് പാപ്പാ അവർക്കു നൽകിയ സന്ദേശത്തിൽ പ്രത്യേകം പറയുന്നു. ഇക്കഴിഞ്ഞ സിനഡിന്റെ ആഘോഷവേളയിൽ ഒരുമിച്ചു നടക്കേണ്ടതിന്റെ പ്രാധാന്യം സഭ വീണ്ടും തിരിച്ചറിഞ്ഞുവെന്നും, അതിനാൽ സഭയിൽ സുവിശേഷത്തിന്റെ ശക്തി ഈ ജനതയുടെ മൂല്യങ്ങളെയും സംസ്കാരത്തെയും ശുദ്ധീകരിക്കുകയും മഹത്വപ്പെടുത്തുകയും ചെയ്യുമെന്നും തത്ഫലമായി, സഭയ്ക്കും സമൂഹത്തിനും വളരെയധികം സംഭാവനകൾ നൽകുവാൻ അവർക്കു സാധിക്കുമെന്നും പാപ്പാ പറഞ്ഞു.
"നമുക്കൊരുമിച്ച് നടക്കാം, കത്തോലിക്കാ സഭയിലുള്ള വിശ്വാസം പ്രഘോഷിക്കാത്ത ആളുകൾക്കായി നമ്മുടെ സമൂഹങ്ങളുടെ വാതിലുകൾ തുറന്നിടാം", പാപ്പാ ആഹ്വാനം ചെയ്തു. പ്രതിബദ്ധത, സാഹോദര്യം എന്നിവയാൽ , ജീവിതത്തിന്റെ സന്തോഷം നഷ്ടപ്പെട്ട നിരവധി ആളുകൾക്ക് പ്രതീക്ഷയുടെ തീർത്ഥാടകരാകുവാൻ പാപ്പാ ഏവരെയും തന്റെ സന്ദേശത്തിൽ ക്ഷണിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: