ദൈവവുമായുള്ള ബന്ധം മനുഷ്യരെ അഭിവൃദ്ധിപ്പെടുത്തുന്നു: പാപ്പാ
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
സുവിശേഷവും സഭയുടെ സാമൂഹിക പഠനങ്ങളും കേന്ദ്രമാക്കി, മാനവിക രൂപീകരണത്തിനു വേണ്ടി പ്രവർത്തിക്കുന്ന ഫ്രഞ്ച് സംരംഭമായ 'ജീവിത വിദ്യാലയങ്ങൾ' (Écoles de Vie) ഉപകാരികൾക്ക് ഫ്രാൻസിസ് പാപ്പാ സ്വകാര്യ സദസ് അനുവദിച്ചു. തദവസരത്തിൽ നൽകിയ സന്ദേശത്തിൽ മനുഷ്യകുലത്തിന്റെ ഉന്നമനത്തിനുവേണ്ടി സംരംഭം നൽകുന്ന സംഭാവനകൾക്ക് പാപ്പാ പ്രത്യേകം നന്ദിയർപ്പിച്ചു. ഓരോരുത്തരെയും , അതുല്യവും പകരം വയ്ക്കാനാവാത്തതുമായ വ്യക്തിയായി അംഗീകരിക്കാൻ ആഹ്വാനം ചെയ്യുന്ന 'ഫ്രത്തെല്ലി തൂത്തി'യുടെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട്, ഓരോ മനുഷ്യനിലും കുടികൊള്ളുന്ന ആന്തരിക മൂല്യം തിരിച്ചറിയുവാൻ സംരംഭം കാണിക്കുന്ന പ്രതിജ്ഞാബദ്ധതയെ പാപ്പാ പ്രത്യേകം അഭിനന്ദിച്ചു.
ഓരോ ജീവനും സ്നേഹത്തോടും ബഹുമാനത്തോടും സ്വാഗതം ചെയ്യപ്പെടേണ്ട ദൈവത്തിന്റെ സമ്മാനമാണെന്ന് പ്രഖ്യാപിക്കുന്നതിനു സംരംഭം നടത്തുന്ന പ്രവർത്തനങ്ങൾക്ക് പാപ്പാ നന്ദി പറഞ്ഞു. കുഷ്ഠരോഗികളെ സ്പർശിച്ചുകൊണ്ടും , പാർശ്വവത്കരിക്കപ്പെട്ടവരുമായി സംസാരിച്ചും, സമൂഹത്തിൽ സ്ഥാനമില്ലെന്ന് തോന്നിയവരെ സ്നേഹത്തോടെ സ്വാഗതം ചെയ്തുകൊണ്ടും യേശു നൽകിയ ജീവിത മാതൃകകൾ നമുക്കും അനുഭവവേദ്യമാകണമെന്നും, ആളുകളെ വീണ്ടും അഭിവൃദ്ധിപ്പെടുത്തുന്നതിന് ദൈവവുമായി സവിശേഷമായ ഒരു ബന്ധം കാത്തുസൂക്ഷിക്കണമെന്നും പാപ്പാ പറഞ്ഞു.
എല്ലാവരേയും അവരുടെ ബലഹീനതകളോടെ സ്വാഗതം ചെയ്യുന്നതിലൂടെ, തുറന്ന ഒരു സഭയ്ക്ക് നാം സാക്ഷികളാകുന്നുവെന്നും പാപ്പാ ചൂണ്ടിക്കാണിച്ചു. നിലത്തു വീണവരെ പരിഹസിക്കാതെ, എഴുന്നേൽക്കാൻ അവനെ സഹായിക്കണമെന്നും, അവരുടെ സ്വപ്നങ്ങൾക്ക് ഇടം നൽകിക്കൊണ്ട്, അവരെ സ്വാഗതം ചെയ്യണമെന്നും പാപ്പാ ആഹ്വാനം ചെയ്തു. അവരുടെ ജീവിതത്തിന് അർത്ഥമുണ്ടെന്നും സമൂഹത്തിൽ അവർക്ക് സവിശേഷമായ പങ്കുണ്ടെന്നും കണ്ടെത്താൻ അംഗങ്ങളുടെ പ്രതിബദ്ധത കാരണമാകണമെന്നും പാപ്പാ ഓർമ്മിപ്പിച്ചു.
വിദ്യാഭ്യാസം വിജ്ഞാനം കൈമാറുന്നതിൽ മാത്രം പരിമിതപ്പെടുന്നില്ലെന്നും, മറിച്ച് അനുകമ്പയ്ക്കും സാഹോദര്യ സ്നേഹത്തിനും കഴിവുള്ള പുരുഷന്മാരെയും സ്ത്രീകളെയും രൂപപ്പെടുത്താൻ ശ്രമിക്കുന്ന ഒരു സമഗ്ര രൂപീകരണമാണെന്നും പാപ്പാ അടിവരയിട്ടു പറഞ്ഞു. പ്രത്യാശയുടെ ഈ ജൂബിലി വർഷത്തിൽ, നിശ്ചയദാർഢ്യത്തോടെയും, സ്ഥിരോത്സാഹത്തോടെയും മനുഷ്യ വ്യക്തിയുടെ കേന്ദ്രത്വം പുനഃസ്ഥാപിക്കുന്നതിലൂടെയും അവന്റെ ആത്മീയ മാനങ്ങളെ സമന്വയിപ്പിക്കുന്നതിലൂടെയും, നീതിയുക്തവും ഏകീകൃതവുമായ ഒരു സമൂഹം കെട്ടിപ്പടുക്കാൻ സംരംഭത്തിനു സാധിക്കട്ടെയെന്നും പാപ്പാ ആശംസിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: