മ്യാന്മറിലെ മണ്ണിടിച്ചിലിന്റെയും വിവിധ യുദ്ധങ്ങളുടെയും ഇരകൾക്ക് സാമീപ്യമറിയിച്ച് ഫ്രാൻസിസ് പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
കഴിഞ്ഞ ദിവസം മ്യാൻമറിലെ കച്ചിൻ സംസ്ഥാനത്തുള്ള ഖനിപ്രദേശത്ത് ഉണ്ടായ മണ്ണിടിച്ചിലിനെത്തുടർന്ന് നിരവധി ആളുകൾ മരണമടഞ്ഞതിൽ തന്റെ ദുഃഖം അറിയിച്ചും, പരിക്കേറ്റവർക്കും, അപകടത്തിന്റെ ഇരകളായവരുടെ ബന്ധുമിത്രാദികൾക്കും പ്രാർത്ഥനകൾ വാഗ്ദാനം ചെയ്തും ഫ്രാൻസിസ് പാപ്പാ. ഈ ദാരുണ സംഭവത്തിൽ മരണമടഞ്ഞവ ർ ക്കുവേണ്ടിയും അവരുടെ ബന്ധുമിത്രാദികൾക്കുവേണ്ടിയും താൻ പ്രാർത്ഥിക്കുന്നുവെന്ന്, ജനുവരി പതിനഞ്ച് ബുധനാഴ്‌ച വത്തിക്കാനിലെ പോൾ ആറാമൻ ശാലയിൽ അനുവദിച്ച പൊതുകൂടിക്കാഴ്ചാവേളയിൽ സംസാരിക്കവെ പാപ്പാ പറഞ്ഞു.
ഈ പ്രകൃതിദുരന്തത്തിന്റെ ഇരകളായ നമ്മുടെ സഹോദരീസഹോദരന്മാർക്ക് അന്താരാഷ്ട്രസമൂഹത്തിന്റെ സഹായവും ഐക്യദാർഢ്യവും ഉണ്ടാകണമെന്ന് പരിശുദ്ധ പിതാവ് ആവശ്യപ്പെട്ടു. അപകടത്തിൽ ഇരുപതോളം പേരെങ്കിലും മരണമടഞ്ഞതായാണ് വാർത്താമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
യുദ്ധത്തിന്റെ കെടുതിയിൽ കഴിയുന്ന ജനം
മുൻ ദിവസങ്ങളിലെ പൊതുകൂടിക്കാഴ്ചാവേളയിലെന്നപോലെ, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ യുദ്ധക്കെടുതിയിൽ കഴിയുന്ന ആളുകളെ ഇത്തവണയും പാപ്പാ മറന്നില്ല. പീഡനങ്ങളിലൂടെ കടന്നുപോകുന്ന ഉക്രൈൻ ജനതയെയും, മ്യാന്മാർ, പലസ്തീനെ, ഇസ്രായേൽ, തുടങ്ങി യുദ്ധങ്ങളും സംഘർഷങ്ങളും മൂലം ബുദ്ധിമുട്ടുന്ന എല്ലാ രാജ്യങ്ങളിലെയും ജനങ്ങളെ നമുക്ക് മറക്കാതിരിക്കാമെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. സമാധാനത്തിനുവേണ്ടി പ്രാർത്ഥിക്കാമെന്ന് ആഹ്വാനം ചെയ്ത പാപ്പാ, യുദ്ധം എപ്പോഴും ഒരു പരാജയമാണെന്ന് ആവർത്തിച്ചു.
ആയുധനിർമ്മാതാക്കളുടെ ഹൃദയപരിവർത്തനത്തിനായി പ്രാർത്ഥിക്കാൻ പാപ്പാ ഏവരെയും ക്ഷണിച്ചു. തങ്ങളുടെ ഉപകാരണങ്ങൾകൊണ്ട് മറ്റുള്ളവരെ കൊല്ലാനാണ് അവർ സഹായിക്കുന്നതെന്ന് പാപ്പാ കുറ്റപ്പെടുത്തി.
കുട്ടികളെ സംരക്ഷിക്കുന്നതിനെക്കുറിച്ചും, അവരുടെ നേരെ നടക്കുന്ന അതിക്രമങ്ങളെക്കുറിച്ചും, അവരെ ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യത്തെക്കുറിച്ചും, ഈ ബുധനാഴ്ച നടത്തിയ പ്രഭാഷണത്തിൽ പാപ്പാ ഉദ്ബോധിപ്പിച്ചിരുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: