ജ്ഞാനസ്നാനം, കുട്ടികൾക്ക് മാതാപിതാക്കൾ നൽകുന്ന അമൂല്യസമ്മാനമാണ്: പാപ്പാ
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
യേശുവിന്റെ ജ്ഞാനസ്നാന തിരുനാൾ ആഘോഷിച്ച ജനുവരി മാസം പന്ത്രണ്ടാം തീയതി ഞായറാഴ്ച്ച, ഫ്രാൻസിസ് പാപ്പാ ഏതാനും കുട്ടികൾക്ക് മാമോദീസ നൽകി. വത്തിക്കാനിലെ സിസ്റ്റൈൻ കപ്പേളയിൽ വച്ചാണ് കൂദാശ പരികർമ്മം ചെയ്യപ്പെട്ടത്. കൂദാശയ്ക്ക് ആമുഖമായി, പ്രാർത്ഥനയോടെ ജ്ഞാനസ്നാനകൂദാശയിൽ കുരുന്നുകളോടൊപ്പം പങ്കെടുക്കണമെന്ന് പാപ്പാ ഓർമ്മപ്പെടുത്തി. അതോടൊപ്പം കുട്ടികൾക്ക് യാതൊരു തരത്തിലുമുള്ള അസ്വസ്ഥതകൾ ഉണ്ടാകാതിരിക്കുവാൻ ശ്രദ്ധിക്കണമെന്നും, അവർക്കു വിശക്കുന്ന പക്ഷം മുലയൂട്ടുവാൻ മടികാണിക്കരുതെന്നും പാപ്പാ, പിതൃസഹജമായ വാത്സല്യത്തോടെ പറഞ്ഞു.
വിശ്വാസത്തിന്റെ ദാനമായ മാമോദീസ എന്ന കൂദാശ, സഭയും മാതാപിതാക്കളും കുഞ്ഞുങ്ങൾക്ക് നൽകുന്ന മഹത്തായ സമ്മാനമാണെന്നു പാപ്പാ പറഞ്ഞു. അതിനാൽ ത്രിത്വയ്ക നാമത്തിൽ ഈ കൂദാശയിൽ ഒരുമിച്ചു പങ്കെടുക്കുവാനും പാപ്പാ എല്ലാവരെയും ക്ഷണിച്ചു. കൂദാശ സ്വീകരിക്കുന്ന കുരുന്നുകൾ, ദൈവവിശ്വാസത്തിലും, യഥാർത്ഥമാനവികതയിലും, കുടുംബത്തിലെ സന്തോഷത്തിലും വളർന്നുവരുവാൻ അവർക്കുവേണ്ടി കർത്താവിനോട് പ്രാർത്ഥിക്കുവാനും പാപ്പാ എല്ലാവരെയും ആഹ്വാനം ചെയ്തു.
വിവിധ രാജ്യങ്ങളിൽ നിന്നുമുള്ള ഇരുപത്തിയൊന്ന് കുട്ടികൾക്കാണ് ഫ്രാൻസിസ് പാപ്പാ മാമോദീസ പരികർമ്മം ചെയ്തത്. യേശുവിന്റെ ജ്ഞാനസ്നാനതിരുനാൾ ആഘോഷിക്കുന്ന ദിനത്തിൽ വത്തിക്കാനിൽ പാപ്പാ മാമോദീസ പരികർമ്മം ചെയ്യുന്നത്, മാമോദീസയുടെ മഹത്വം എടുത്തുകാണിക്കുന്നതും, ക്രിസ്തുവിൽ പുതിയ സൃഷ്ടികളാകുവാനുള്ള നമ്മുടെ ഉത്തരവാദിത്വം അടിവരയിടുന്നതുമാണ്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: